2020 ഫെബ്രുവരി 14, വെള്ളിയാഴ്‌ച
മനോഹരം
നിറയെ പൂക്കളുള്ള
മരമായിരുന്നു
ഇലകളൊക്കെയും
പച്ചപ്പിൽ ആറാടിയിരുന്നു..
കിളി കൂജനങ്ങൾ
നിർത്താതെ ദിനരാത്രങ്ങളിൽ
നിറഞ്ഞിരുന്നു
ഇന്നിപ്പോൾ ഇല പൊഴിഞ്ഞ്
ശാഖയൊടിഞ്ഞ്
താഴ്ത്തടി പൊള്ളയായി
വേരറ്റങ്ങനെ
ആർക്കു മേലും വീഴരുതെ
എന്ന അർത്ഥനയോടെ
അവസാന വേരും മണ്ണിൽ നിന്നും
വേർപിരിയുമന്ത്യത്തിനായി
വെയിലും മഴയുമേറ്റ് ഒടിഞ്ഞ് തൂങ്ങി നിൽക്കുന്നുണ്ട്...
2019 നവംബർ 25, തിങ്കളാഴ്‌ച
കാലാവസ്ഥ വ്യതിയാനം
നീയിവിടെ തന്നെ ഉണ്ടല്ലോ അല്ലെ,
വെറുതെയല്ല നീ ഇടക്കിടെ ചില നെഞ്ചിൻ കൂടിൽ നിന്നും ഞെട്ടിത്തരിച്ച് പിന്നെ പൊട്ടിത്തെറിച്ച് ഇല്ലാതാവുന്നത്.
ഇലക്ട്രിക്ക് കമ്പിയിൽ തട്ടി ഷോക്കടിച്ച്
തൂങ്ങിയാടുമൊരു പക്ഷിയെ പോലെ
ജല്ലിക്കെട്ടിൽ കാള കൂറ്റനാൽ
കുത്തിക്കുത്തിയിട്ട ഒടുക്കത്തെ
ശ്വാസം തേടി പിടയുമൊരു ശരീരം പോലെ
എമ്മാതിരി ടെൻഷനാണ് ചങ്ങാതീ നീ അനുഭവിക്കുന്നത്.,
എന്നിട്ടും നീ കരുത്തോടെ നിന്ന് പമ്പ് ചെയ്യുന്നുണ്ടല്ലോ.
പനി പിടിച്ച കുഞ്ഞിനെ പുതപ്പിനിടയിൽ കൈ വെച്ച് തൊട്ട് നോക്കുമൊരമ്മയെ പോലെ ഇടക്കിടെ ഞാൻ നിന്നെ തൊട്ട് നോക്കുന്നുണ്ട് ,,നീയവിടെ തന്നെയില്ലെ..
തുള വീണരാകാശം എത്ര വേഗമാണ്
നരച്ച് മഴ മൂടി കെട്ടി നിൽക്കുന്നത്..
മഴ കൊതിച്ച് നിൽക്കുമ്പോൾ ഭൂമിയെ പിളർക്കുമുഷ്ണമായി പടരുന്നത്..
വെന്ത് പോകുന്നല്ലോ സകലതും..
ഇന്നലെ അരുമയോടെ
നാം നട്ട കൃഷ്ണ തുളസി
ഉഷ്ണം ശമിക്കാൻ നാം മനുഷ്യർ
കരുതിയ ആര്യവേപ്പ്
തേവി നനക്കാൻ നമ്മൾ കാത്ത ചെറിയ അരുവി..
ഓസോൺ പാളികളെ തുരന്നെടുക്കുന്ന മനുഷ്യരിലെ ക്രുര ഫലിതങ്ങളാലാണത്രെ
കാലാവസ്ഥകൾ നിരീക്ഷണത്തിന് പിടി കൊടുക്കാതെയിങ്ങനെ മാറ്റപ്പെടുന്നത്.
കുഞ്ഞിമ്മാമ
കാല് വയ്യാത്ത ഉപ്പാവയുമായി ( ഭർത്താവ് ) കീലോ മീറ്റർ ഒന്നര നടന്ന് ആങ്ങളയുടെ മെഡിക്കൽ കോളേജിനടുത്തെ ചെറിയ വീട്ടിൽ വരുമ്പോൾ കുഞ്ഞിമ്മാമേ ങ്ങള് പഠിപ്പിച്ച പാഠം ഒരു പെങ്ങൾ ഒരാങ്ങളെയെയും കുടുംബത്തെയും എങ്ങനെ സ്നേഹിക്കണമെന്നായിരുന്നില്ലെ,,,, വലിയ വലിയ പാഠങ്ങൾ പഠിപ്പിച്ച് ങ്ങൾക്കെന്തായിരുന്നു പോകാനിത്തിരി ധൃതി. പി. വി.എസ് ആശുപത്രിയുടെ മുറ്റത്ത് കാറിൽ നിന്ന് ഇറങ്ങി വന്ന് മോള് പാത്തുമ്മയുടെ വിലക്ക് കേൾക്കാതെ കെട്ടി പിടിച്ച് കുഞ്ഞിമ്മാമാക്ക് തൊണ്ടയിൽക്കൂടി വെള്ളമിറങ്ങുന്നില്ല മോനെ എന്ന് ഒച്ചയില്ലാതെ പറഞ്ഞ് കരഞ്ഞപ്പോൾ ഉണ്ടായ തൊണ്ടയിലെ കുത്തി പറക്കൽ എന്റെ കുഞ്ഞിമ്മാ മെ ഇവിടെ തന്നെയുണ്ട്, ദാരിദ്ര്യത്തിനിടയിലും സ്നേഹം മാത്രം വിളമ്പി തന്ന ഇങ്ങളൊക്കെ എന്തിനാ ഇത്ര വേഗം പോയ് ക്കളഞ്ഞത്. മരണം കാണാൻ വരാത്തതാവാം നിങ്ങൾ പരിസരത്ത് തന്നെയുണ്ട് എങ്ങോട്ടും പോയിട്ടില്ല എന്ന് പിന്നെയും പിന്നെയും ഓർമ്മിപ്പിക്കുന്നത്.
അമ്മ
അമ്മയുടെ മടിതട്ടിലെന്ന പോലെ
അന്നേരമമ്മയുടെ അരുമയായ വിരലുകളെന്റെ നെറ്റിത്തടം തഴുകും
അതിലലിഞ്ഞെന്റെ കണ്ണുകൾ പത്മതീർത്ഥം പോലെ പൊടിയും,
അമ്മയുടെ കൈകളാ കണ്ണീരൊപ്പി മുഖം തുടക്കുമ്പോൾ ഒരു വിശുദ്ധനെ പോലെന്റെ പാപഭാരങ്ങൾ കഴുകപ്പെടും.
നീയി നെറ്റിയിൽ ഉമ്മ വെക്കുമ്പോൾ
സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെട്ടവനെ പോലെ അമ്മേ ഞാൻ ധന്യനാകും.....
നീയെന്റെ ചെവിയിൽ മൂളുമ്പോൾ
പാരിലെ സകല കിളികളുടെയും നാദം നിറഞ്ഞ പോൽ ഞാനാ സ്വരമാധുരിയിലലിഞ്ഞ് ചേരും.
അമ്മേ,,
എന്റെ കാഴ്ചയിൽ നിന്നും നീ
തെന്നി നീങ്ങും മുമ്പ്
ആ കൈവെള്ളകളിലുമ്മ വെച്ചാരാഗ്രഹം കൂടി..
ഉറക്കത്തിൻ പാളികൾ നുള്ളി യെടുത്തോടിയണഞ്ഞ ഈ കുഞ്ഞിനെ നിന്റെ കരസ്പർശത്തിൻ മാന്ത്രികതയനുഭവിപ്പിച്ചാശ്ലേഷിക്കു...,
ഉറക്കത്തിലറ്റ് പോയ എന്റെ ലോകത്തിലേക്ക് തിരികെ കടക്കാനുള്ള പാലം പോലെ
നിന്റെ മാറിലേക്കീ മുഖം പൂഴ്ത്തി
വെച്ച് എന്നെ സ്വീകരിക്കു.
ഞാൻ നിന്റെ ആകാശവും സ്വപ്നവു മായവൻ,നിന്റെ വേദനകളെന്നിൽ
തുടങ്ങുകയും എന്നിലവ സാനിക്കുകയും ചെയ്യുന്നു..
അമ്മയെന്ന ധന്യതയും അമ്മയെന്നാധിയും ചേർത്തനുഗ്രഹിക്കപ്പെട്ടവളെ
എന്നിട്ടും ഈ പുരുഷനിൽ നിന്നും
നിനക്ക് വേദന മാത്രം.. .
2019 ജൂൺ 13, വ്യാഴാഴ്‌ച
2019 മാർച്ച് 18, തിങ്കളാഴ്‌ച
കെട്ടിയിടപ്പെടുക
എന്ന ദൗത്യമേറി
പിറവി കൊണ്ടതല്ല
ഒരു വഞ്ചിയും
വെള്ളം ജീവനായ്
ഒഴുക്ക് മന്ത്രമായ്
കരകൾക്കിടയിലെ
സഞ്ചാര നിയോഗമാണതിന്
അക്കരക്കിക്കരക്കുള്ള
സഞ്ചാരത്തിൽകടത്തുകാരാ
നിങ്ങൾക്കത് മെരുങ്ങി
യെന്നത് വെറും നിനവ്
അടുക്കുന്തോറും
കൂടുതൽ നിഗൂഡമായതെ-
ന്തിനേയോ കണ്ണെറിഞ്ഞ
കഅകലുകയാണത്,
നിങ്ങൾക്കു സാധ്യമാവുക
ഇടം വലം തുഴയിടൽ മാത്രം,
അപ്പോഴും ഇടത്തിരിവുകൾ നോക്കി
നേരയാണതിൻ സഞ്ചാരം,
കൊല്ലുന്ന ചിരി ചിരിച്ച്
സദാ നേരവുമത്
ഞാൻ നേരെ ചൊവ്വെയെന്ന്
മേനി നടിക്കും
തർക്ക പായ നിവർത്തി നിങ്ങളോടത്
നീ ഇടം വലമെറിഞ്ഞ്
എന്റെ ശരികളെ കാണാതെ പോവുന്നെന്ന്
പതം പറയും
കടത്തുകാരാ....
സ്തോഭ ജനകമായ
ദശാസന്ധിയിൽ പെട്ടുഴലുന്നവനെ...
ചുഴികളെ തിരിച്ചറിയുന്നിടമാണ്
നിങ്ങളൊരു യഥാർത്ഥ
കടത്ത്കാരനാവുന്നത്
പാട്ടത്തിനെടുത്ത കടവ്
അവനവന്റെതല്ല
ഇന്നലത്തെയുമിന്നത്തെയും
യാത്രക്കാരോ സ്വന്തമല്ല
പുഴക്ക് വെള്ളം സ്വന്തമല്ല
പുഴ നിനക്കും സ്വന്തമല്ല
കടവെന്ന നിയോഗത്തിൽ
ഉടമയെന്ന വാക്കിനുച്ചാര-
ണമോ പോലുമില്ല
എന്തിനെറേ തുഴയും
വെള്ളവും ചേർന്ന
അം എന്ന ശബ്ദം പോലും നിന്റെതല്ല,,
നീയെ നിന്റെതല്ല..
അതിനാൽ കടവ്കാരാ
കടവെങ്ങനെ നീൻറതാവും,,
കരയെങ്ങനെ നിന്റെതാവും
കരയും ആകാശവും ചാലിച്ച
ജലബിംബമെങ്ങനെ നിന്റെതാവും
നീ നീ മാത്രമാകുന്നു...
ഒരു വലിയ നീ...
ഇരുട്ടിൽ നിൽക്കും
നിനക്ക് നിഴൽ പോലും
സ്വന്തമല്ല തന്നെ
അതിനാൽ
എന്നന്നേക്കുമായറിയുക
കെട്ടിയിടപ്പെടുകയെന്ന
ദൗത്യമേറി പിറവി കൊണ്ടതല്ല
ഒരു വഞ്ചിയും
വെള്ളം ജീവനായ്
ഒഴുക്ക് മന്ത്രമായ്
പുഴയറിഞ്ഞ്,കടലറിഞ്ഞ്,
കരകവിഞ്ഞ്, കരകൾ താണ്ടി
ഒഴുകലാണതിൻ സായൂജ്യo
കടവുകാരാ ചങ്ങാതി
നമുക്കീ കയറിനറ്റം
കൈവെള്ളയിൽ
വെറുതെയിങ്ങനെ പിടിക്കാം
കൊല്ലുന്ന ചിരി ചിരിച്ച്
പുഴ തേടി.. കടൽ തേടി
നമ്മളെ വിട്ട്
വഞ്ചി പോകുന്നതും
നോക്കി നിൽക്കാം..
ചുഴിയിൽ തട്ടി മലരുമ്പോൾ
എന്റെ ജീവിതമേ എന്ന്
ആർത്തു പെയ്യാം..
നിഴൽ തേടിയ ജീവിതമെന്ന്
റീത്തിലെഴുതാം
2019 മാർച്ച് 16, ശനിയാഴ്‌ച
ആകാശ പെയ്ത്ത്
'ഒടുക്കം
ഓരോ ചില്ലയും
അടർന്നു വീഴുന്നു,
അവക്ക് കീഴെ
ഒരോ പുല്ലും കരിഞ്ഞു പോകുന്നു..
അറിയുമല്ലോ
ഇന്നലെ പെയ്ത
മഴയിൽ ബാക്കി
നിന്നരൊറ്റ തുള്ളിയായ് നീയീയിലപ്പുറത്തുണ്ടാ-
യിരുന്നു, ഇതുവരെ
ഇന്നതിനെയും
വിജന വരാന്തയിലുടെത്തി
നോക്കി വെയിൽ
കൊത്തി കവരുന്നു..
കാലം കടൽ വെച്ച
കടം കഥാപുസ്തകത്തിലു-
ത്തരങ്ങൾ കാണാത്ത
തിരകളായലറുന്നു..
നിലാവ് ചിരിച്ച
രാത്രികളെയേതോ
രാക്ഷസ മേഘങ്ങൾ
തട്ടിയെടുത്തിരിക്കുന്നു...
ഇളം തെന്നൽ
അകലെ പോവാതെ
വഴിവക്കിലെ ചെടിത്തല
പ്പിൽ ചിറക് പുട്ടീ നിൽപ്പതുണ്ട് ....
അത്, നീയിന്നലെയവനെ
പാടിയുറക്കിയ താരാട്ടിനവകാശം ചോദിക്കാനാവില്ല,
മറ്റൊരു വഴി നീങ്ങി
നീ തീർത്ത പുതിയ
ഏദനിൽ മുങ്ങി
നീയറിയാതെ ഒറ്റി
കൊടുക്കുമാ നിന്റെ
വിടർന്ന മിഴിയിൽ വിരിയും
വസന്തത്തെ പാർത്ത്
നിർവൃതിയടയാൻ മാത്രം,നിശ്ചയം
എങ്കിലും
നീയറിയേണ്ടതുണ്ട്
നിലാവും നക്ഷത്രങ്ങളും
വഴി തെറ്റി പിരിഞ്ഞ
ആകാശത്തിൽ ഇട്ടേച്ചു പോയവരുടെ സങ്കടപെയ്ത്താണ്
രാത്രിയിലെ ഓരോ മഴയും..