2019 നവംബർ 25, തിങ്കളാഴ്‌ച

കുഞ്ഞിമ്മാമ

കുഞ്ഞിമ്മാമ ഉണ്ടെന്ന് ഇപ്പോഴും തോന്നുന്നുണ്ട്, കാതിൽ അലിക്കത്തും മുണ്ടും, കളർ കുപ്പായവുമിട്ട് ഉമ്മാന്ന് വിളിച്ച് ഇടവഴി താണ്ടിക്കയറി പഴയ തറവാടിന്റെ വിശാലമായ മുറ്റത്ത് കുഞ്ഞിമ്മാമ നിൽക്കുന്നുണ്ട്. അഞ്ചാം വയസ്സിൽ മാർക്ക കല്യാണം മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ മൂത്ത ആങ്ങളയുടെ ഈ മകനെ ഒറ്റ തോളിൽ ഇരുത്തി കുഞ്ഞിമ്മാമ ബസിനരികിലേക്ക് നടന്നത് ഇന്നലെയാണ് എന്ന് തോന്നി പോകുന്നുണ്ട്. നാടൻ നെല്ല് ഓട്ടിലിട്ട് വറുത്ത് ഉരളിലിട്ട് ഇടിച്ച് അവിലാക്കി തന്നത് കഴിച്ച് ദേ ഇപ്പോൾ കുഞ്ഞിമ്മാമയുടെ കൊയിലംകണ്ടി വീട്ടിൽ നിന്ന് ഇങ്ങോട്ടിറങ്ങി വന്നിട്ടെ ഉള്ളു. "ശെരീഫെ കുടീട്ട് പോകാന്ന്" ഉമ്മാമ നീണ്ട ഉയർന്ന മുൻ പല്ലുകൾ തുറന്ന് കാട്ടി പറയുന്നുണ്ട്, "ങ്ങിന്റെ ആരംഭ ആങ്ങളെന്റ മോന പറഞ്ഞത് കേൾക്കുന്ന് പറഞ്ഞ് സ്നേഹം നിറച്ച അധികാരമായി കുഞ്ഞിമ്മാമ കണ്ണിൽ ഉദിച്ചു നിൽക്കുന്നുണ്ട്. വല്യമ്മാമന്റെ ശവസംസ്ക്കാര പ്രാർത്ഥന കഴിഞ്ഞ എതോ രാത്രിയിൽ വെള്ളം നിറഞ്ഞ വാഴക്കള്ളിയിൽ വീണു പോയ ഉമ്മാക്ക് എന്തോ പറ്റിയെന്നോർത്ത് ഒരു ചൂട്ടിൻ വെളിച്ചത്തിന്റെ ദയ പോലുമില്ലാതെ ഇരുട്ട് തുരന്ന് തറവാട്ട് കോലായിലേക്ക് ഓടിക്കയറി കിടന്നുഴച്ച് എന്റെ ഉമ്മാക്കെന്ത് പറ്റി എന്ന് പറഞ്ഞ് വലിയ വായിൽ നിലവിളിച്ചിട്ട് അധിക നേരമായോ കുഞ്ഞിമ്മാമേ.....
കാല് വയ്യാത്ത ഉപ്പാവയുമായി ( ഭർത്താവ് ) കീലോ മീറ്റർ ഒന്നര നടന്ന് ആങ്ങളയുടെ മെഡിക്കൽ കോളേജിനടുത്തെ ചെറിയ വീട്ടിൽ വരുമ്പോൾ കുഞ്ഞിമ്മാമേ ങ്ങള് പഠിപ്പിച്ച പാഠം ഒരു പെങ്ങൾ ഒരാങ്ങളെയെയും കുടുംബത്തെയും എങ്ങനെ സ്നേഹിക്കണമെന്നായിരുന്നില്ലെ,,,, വലിയ വലിയ പാഠങ്ങൾ പഠിപ്പിച്ച് ങ്ങൾക്കെന്തായിരുന്നു പോകാനിത്തിരി ധൃതി. പി. വി.എസ് ആശുപത്രിയുടെ മുറ്റത്ത് കാറിൽ നിന്ന് ഇറങ്ങി വന്ന് മോള് പാത്തുമ്മയുടെ വിലക്ക് കേൾക്കാതെ കെട്ടി പിടിച്ച് കുഞ്ഞിമ്മാമാക്ക് തൊണ്ടയിൽക്കൂടി വെള്ളമിറങ്ങുന്നില്ല മോനെ എന്ന് ഒച്ചയില്ലാതെ പറഞ്ഞ് കരഞ്ഞപ്പോൾ ഉണ്ടായ തൊണ്ടയിലെ കുത്തി പറക്കൽ എന്റെ കുഞ്ഞിമ്മാ മെ ഇവിടെ തന്നെയുണ്ട്, ദാരിദ്ര്യത്തിനിടയിലും സ്നേഹം മാത്രം വിളമ്പി തന്ന ഇങ്ങളൊക്കെ എന്തിനാ ഇത്ര വേഗം പോയ് ക്കളഞ്ഞത്. മരണം കാണാൻ വരാത്തതാവാം നിങ്ങൾ പരിസരത്ത് തന്നെയുണ്ട് എങ്ങോട്ടും പോയിട്ടില്ല എന്ന് പിന്നെയും പിന്നെയും ഓർമ്മിപ്പിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ