2019 നവംബർ 25, തിങ്കളാഴ്‌ച

കാലാവസ്ഥ വ്യതിയാനം

ഓ ഹൃദയമേ
നീയിവിടെ തന്നെ ഉണ്ടല്ലോ അല്ലെ,
വെറുതെയല്ല നീ ഇടക്കിടെ ചില നെഞ്ചിൻ കൂടിൽ നിന്നും ഞെട്ടിത്തരിച്ച് പിന്നെ പൊട്ടിത്തെറിച്ച് ഇല്ലാതാവുന്നത്.

ഇലക്ട്രിക്ക് കമ്പിയിൽ തട്ടി ഷോക്കടിച്ച്
തൂങ്ങിയാടുമൊരു പക്ഷിയെ പോലെ
ജല്ലിക്കെട്ടിൽ കാള കൂറ്റനാൽ
കുത്തിക്കുത്തിയിട്ട ഒടുക്കത്തെ
ശ്വാസം തേടി പിടയുമൊരു ശരീരം പോലെ
എമ്മാതിരി ടെൻഷനാണ് ചങ്ങാതീ നീ അനുഭവിക്കുന്നത്.,

എന്നിട്ടും നീ കരുത്തോടെ നിന്ന് പമ്പ് ചെയ്യുന്നുണ്ടല്ലോ.
പനി പിടിച്ച കുഞ്ഞിനെ പുതപ്പിനിടയിൽ കൈ വെച്ച് തൊട്ട് നോക്കുമൊരമ്മയെ പോലെ ഇടക്കിടെ ഞാൻ നിന്നെ തൊട്ട് നോക്കുന്നുണ്ട് ,,നീയവിടെ തന്നെയില്ലെ..

തുള വീണരാകാശം എത്ര വേഗമാണ്
നരച്ച് മഴ മൂടി കെട്ടി നിൽക്കുന്നത്..
മഴ കൊതിച്ച് നിൽക്കുമ്പോൾ ഭൂമിയെ പിളർക്കുമുഷ്ണമായി പടരുന്നത്..

വെന്ത് പോകുന്നല്ലോ സകലതും..
ഇന്നലെ അരുമയോടെ
നാം നട്ട കൃഷ്ണ തുളസി
ഉഷ്ണം ശമിക്കാൻ നാം മനുഷ്യർ
കരുതിയ ആര്യവേപ്പ്
തേവി നനക്കാൻ നമ്മൾ കാത്ത ചെറിയ അരുവി..
ഓസോൺ പാളികളെ തുരന്നെടുക്കുന്ന മനുഷ്യരിലെ ക്രുര ഫലിതങ്ങളാലാണത്രെ
കാലാവസ്ഥകൾ നിരീക്ഷണത്തിന് പിടി കൊടുക്കാതെയിങ്ങനെ മാറ്റപ്പെടുന്നത്.

കുഞ്ഞിമ്മാമ

കുഞ്ഞിമ്മാമ ഉണ്ടെന്ന് ഇപ്പോഴും തോന്നുന്നുണ്ട്, കാതിൽ അലിക്കത്തും മുണ്ടും, കളർ കുപ്പായവുമിട്ട് ഉമ്മാന്ന് വിളിച്ച് ഇടവഴി താണ്ടിക്കയറി പഴയ തറവാടിന്റെ വിശാലമായ മുറ്റത്ത് കുഞ്ഞിമ്മാമ നിൽക്കുന്നുണ്ട്. അഞ്ചാം വയസ്സിൽ മാർക്ക കല്യാണം മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ മൂത്ത ആങ്ങളയുടെ ഈ മകനെ ഒറ്റ തോളിൽ ഇരുത്തി കുഞ്ഞിമ്മാമ ബസിനരികിലേക്ക് നടന്നത് ഇന്നലെയാണ് എന്ന് തോന്നി പോകുന്നുണ്ട്. നാടൻ നെല്ല് ഓട്ടിലിട്ട് വറുത്ത് ഉരളിലിട്ട് ഇടിച്ച് അവിലാക്കി തന്നത് കഴിച്ച് ദേ ഇപ്പോൾ കുഞ്ഞിമ്മാമയുടെ കൊയിലംകണ്ടി വീട്ടിൽ നിന്ന് ഇങ്ങോട്ടിറങ്ങി വന്നിട്ടെ ഉള്ളു. "ശെരീഫെ കുടീട്ട് പോകാന്ന്" ഉമ്മാമ നീണ്ട ഉയർന്ന മുൻ പല്ലുകൾ തുറന്ന് കാട്ടി പറയുന്നുണ്ട്, "ങ്ങിന്റെ ആരംഭ ആങ്ങളെന്റ മോന പറഞ്ഞത് കേൾക്കുന്ന് പറഞ്ഞ് സ്നേഹം നിറച്ച അധികാരമായി കുഞ്ഞിമ്മാമ കണ്ണിൽ ഉദിച്ചു നിൽക്കുന്നുണ്ട്. വല്യമ്മാമന്റെ ശവസംസ്ക്കാര പ്രാർത്ഥന കഴിഞ്ഞ എതോ രാത്രിയിൽ വെള്ളം നിറഞ്ഞ വാഴക്കള്ളിയിൽ വീണു പോയ ഉമ്മാക്ക് എന്തോ പറ്റിയെന്നോർത്ത് ഒരു ചൂട്ടിൻ വെളിച്ചത്തിന്റെ ദയ പോലുമില്ലാതെ ഇരുട്ട് തുരന്ന് തറവാട്ട് കോലായിലേക്ക് ഓടിക്കയറി കിടന്നുഴച്ച് എന്റെ ഉമ്മാക്കെന്ത് പറ്റി എന്ന് പറഞ്ഞ് വലിയ വായിൽ നിലവിളിച്ചിട്ട് അധിക നേരമായോ കുഞ്ഞിമ്മാമേ.....
കാല് വയ്യാത്ത ഉപ്പാവയുമായി ( ഭർത്താവ് ) കീലോ മീറ്റർ ഒന്നര നടന്ന് ആങ്ങളയുടെ മെഡിക്കൽ കോളേജിനടുത്തെ ചെറിയ വീട്ടിൽ വരുമ്പോൾ കുഞ്ഞിമ്മാമേ ങ്ങള് പഠിപ്പിച്ച പാഠം ഒരു പെങ്ങൾ ഒരാങ്ങളെയെയും കുടുംബത്തെയും എങ്ങനെ സ്നേഹിക്കണമെന്നായിരുന്നില്ലെ,,,, വലിയ വലിയ പാഠങ്ങൾ പഠിപ്പിച്ച് ങ്ങൾക്കെന്തായിരുന്നു പോകാനിത്തിരി ധൃതി. പി. വി.എസ് ആശുപത്രിയുടെ മുറ്റത്ത് കാറിൽ നിന്ന് ഇറങ്ങി വന്ന് മോള് പാത്തുമ്മയുടെ വിലക്ക് കേൾക്കാതെ കെട്ടി പിടിച്ച് കുഞ്ഞിമ്മാമാക്ക് തൊണ്ടയിൽക്കൂടി വെള്ളമിറങ്ങുന്നില്ല മോനെ എന്ന് ഒച്ചയില്ലാതെ പറഞ്ഞ് കരഞ്ഞപ്പോൾ ഉണ്ടായ തൊണ്ടയിലെ കുത്തി പറക്കൽ എന്റെ കുഞ്ഞിമ്മാ മെ ഇവിടെ തന്നെയുണ്ട്, ദാരിദ്ര്യത്തിനിടയിലും സ്നേഹം മാത്രം വിളമ്പി തന്ന ഇങ്ങളൊക്കെ എന്തിനാ ഇത്ര വേഗം പോയ് ക്കളഞ്ഞത്. മരണം കാണാൻ വരാത്തതാവാം നിങ്ങൾ പരിസരത്ത് തന്നെയുണ്ട് എങ്ങോട്ടും പോയിട്ടില്ല എന്ന് പിന്നെയും പിന്നെയും ഓർമ്മിപ്പിക്കുന്നത്.

അമ്മ

ഒറ്റക്കായി പോയ ആകാശത്തിന് കീഴിൽ ഞാൻ ഒന്നു കൂടി ചുരുണ്ട് കിടക്കും ....
അമ്മയുടെ മടിതട്ടിലെന്ന പോലെ

അന്നേരമമ്മയുടെ അരുമയായ വിരലുകളെന്റെ നെറ്റിത്തടം തഴുകും
അതിലലിഞ്ഞെന്റെ കണ്ണുകൾ പത്മതീർത്ഥം പോലെ പൊടിയും,

അമ്മയുടെ കൈകളാ കണ്ണീരൊപ്പി മുഖം തുടക്കുമ്പോൾ ഒരു വിശുദ്ധനെ പോലെന്റെ പാപഭാരങ്ങൾ കഴുകപ്പെടും.

നീയി നെറ്റിയിൽ ഉമ്മ വെക്കുമ്പോൾ
സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെട്ടവനെ പോലെ അമ്മേ ഞാൻ ധന്യനാകും.....


നീയെന്റെ ചെവിയിൽ മൂളുമ്പോൾ
പാരിലെ സകല കിളികളുടെയും നാദം നിറഞ്ഞ പോൽ ഞാനാ സ്വരമാധുരിയിലലിഞ്ഞ് ചേരും.

അമ്മേ,,
എന്റെ കാഴ്ചയിൽ നിന്നും നീ
തെന്നി നീങ്ങും മുമ്പ്
ആ കൈവെള്ളകളിലുമ്മ വെച്ചാരാഗ്രഹം കൂടി..

ഉറക്കത്തിൻ പാളികൾ നുള്ളി യെടുത്തോടിയണഞ്ഞ ഈ കുഞ്ഞിനെ നിന്റെ കരസ്പർശത്തിൻ മാന്ത്രികതയനുഭവിപ്പിച്ചാശ്ലേഷിക്കു...,

ഉറക്കത്തിലറ്റ് പോയ എന്റെ ലോകത്തിലേക്ക് തിരികെ കടക്കാനുള്ള പാലം പോലെ
നിന്റെ മാറിലേക്കീ മുഖം പൂഴ്ത്തി
വെച്ച് എന്നെ സ്വീകരിക്കു.

ഞാൻ നിന്റെ ആകാശവും സ്വപ്നവു മായവൻ,നിന്റെ വേദനകളെന്നിൽ
തുടങ്ങുകയും എന്നിലവ സാനിക്കുകയും ചെയ്യുന്നു..

അമ്മയെന്ന ധന്യതയും അമ്മയെന്നാധിയും ചേർത്തനുഗ്രഹിക്കപ്പെട്ടവളെ
എന്നിട്ടും ഈ പുരുഷനിൽ നിന്നും
നിനക്ക് വേദന മാത്രം.. .