2012 നവംബർ 24, ശനിയാഴ്‌ച

അർത്ഥം തിരയുന്ന ഒരാൾ



അര്‍ത്ഥം തിരയുന്ന ഒരാള്‍ 


വര്‍ത്തമാനത്തിന്‍റെ 
അതിര്‍ത്തികളില്‍
ഓര്‍മ്മകളുടെ പൂക്കാലം
അടര്‍ന്നു വീഴുയാണ്,

തെരുവുകളില്‍ 
ബലിയര്‍പ്പിക്കപ്പെട്ടവരുടെ രക്തം
തിരസ്ക്കരിക്കപ്പെട്ടവന്‍റെ
ഹൃദയം നോക്കി വിലപിക്കുന്നു.

നീന്തി തുടിക്കുന്ന
മൌനങ്ങളില്‍ നിന്നും,
വാക്കുകള്‍ ആശയോടെ
ചിറകടിച്ചാര്‍ക്കുന്നു,

നാക്ക് കെട്ടിയ
മണികളില്‍ നിന്നും
തേക്ക് പാട്ടിന്‍റെ ഉരുക്കം,
ചേറിന്‍ മണത്തിലൂടെ
കുതിര കുളമ്പിന്‍
ഒച്ചയിലേക്ക് ചേക്കേറുന്നു.

വിലപിച്ചു പറന്ന
നിശാ പക്ഷികളൊന്നും
തിരികെ അണയുന്നില്ല,
ശൂന്യമാക്കപെട്ട വഴികളില്‍
കടുവക്കാലുകള്‍ മുളച്ചു പൊന്തുന്നു,

ഇര തണലിലിരുന്ന് നാലും കൂട്ടി
മുറുക്കി ചോദിക്കുന്നു?!,
"നീയെന്തായിരുന്നു എന്നെ
പിച്ചി ചീന്താഞ്ഞത്..........”

വാക്കുകള്‍ക്ക് 
അര്‍ത്ഥങ്ങള്‍ തിരഞ്ഞ 
നീല തിരശ്ശീല
കുന്നുകള്‍ കയറി
ജലാശയം തേടുന്നു.

പകുതി നിറഞ്ഞ
ഗ്ലാസ്സും,വലിച്ചു വെച്ച 
ബീഡിയും ബാക്കിയാക്കി
‘പഞ്ചാര മണലില്‍’ നടന്നു
കടലിനെ നോക്കി അലറുന്നു...

കിനാവുകള്‍ തോണി തുഴഞ്ഞ്
കാണാ കര തേടുമ്പോള്‍,
.ഒരിക്കല്‍ കൂടി 
രുധിരം നിറഞ്ഞ
തെരുവില്‍ നീയും...
കടലക്കാരനും ബാക്കിയാവുന്നു...
    











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ